latest
ഈസ്റ്റർ ആഘോഷ ങ്ങൾക്കിടയിൽ നിരാഹാരത്തിന്റെ പന്ത്രണ്ടാം ദിനം പിന്നിട്ട് മുൻ KCYL പ്രസിഡണ്ട്.

ഡൽഹി: ആഗോള ക്രൈസ്തവ സമൂഹം ഈസ്റ്റർ ആഘോഷങ്ങളുടെ തിരക്കിലാണ്. കോട്ടയംകാരായ ക്നാനായ അച്ചായന്മാരുടെ കാര്യം പറയുകയേ വേണ്ട. എന്നാൽ ഈ ഈസ്റ്റർ ദിനത്തിൽ നിരാഹാരത്തിന്റെ പന്ത്രണ്ടാം ദിനം പിന്നിടുകയാണ് മുൻ കെ സി വൈ എൽ കൈപ്പുഴ ഫൊറോനാ പ്രസിഡണ്ട് കൂടിയായ ജോഷിൽ കെ എബ്രഹാം. ഡൽഹിയിൽ ജി ബി പന്ത് ഗവ. എഞ്ചിനീയറിങ് കോളേജിലെ അസി. പ്രൊഫസറും ഇംഗ്ലീഷ് വിഭാഗം തലവനും കൂടിയായ ജോഷിൽ, തൻറെ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠിക്കുവാൻ ആവശ്യമായ മതിയായ സൗകര്യങ്ങൾക്ക് വേണ്ടിയാണ് നിരാഹാരസമരം നടത്തുന്നത്. കോളേജിന് സ്വന്തമായ ക്യാംപസും, കോളേജ് ക്യാംപസ് സംബന്ധിച്ച് നടത്തപ്പെട്ട വ്യാപക തിരിമറിയെ പറ്റി അന്വേഷണവും ആവശ്യപ്പെട്ടുകൊണ്ട് നടത്തപ്പെട്ട നിരാഹാരം പതിനൊന്നു ദിവസങ്ങൾ പിന്നിട്ടപ്പോൾ അദ്ദേഹത്തെ ബലം പ്രയോഗിച്ച് ഓൾ ഇന്ത്യാ മെഡിക്കൽ ഇന്സ്ടിട്യൂട്ടിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് എങ്കിലും തന്റെ നിരാഹാരം ആശുപത്രിയിലും തുടരുകയാണ്. മുൻ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് സ്ഥാപിച്ച കോളേജ് ഇപ്പോഴും സ്ഥിതിചെയ്യുന്നത് ഡൽഹിയിലെ ഗവ. പോളിടെക്നിക്കിന്റെ ഹോസ്റ്റൽ ബിൽഡിങ്ങിലാണ്. പുതിയ ആപ്പ് സർക്കാർ വന്നപ്പോഴും അവഗണന തുടർന്നപ്പോൾ സമരം ചെയ്തുകൊണ്ട് ഇറങ്ങിയ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് ജോഷിൽ നിരാഹാരം തുടങ്ങിയത്. ആപ്പ് സർക്കാരിന്റെ അവഗണന സമരത്തിനെതിരെയും തുടർന്നപ്പോൾ, ഈ അവഗണന അവസാനിക്കാതെ പിന്നോട്ടില്ല എന്ന നിശ്ചയദാർഢ്യത്തിലാണ് ഈ ക്നാനായ സമുദായാംഗം. സമരം പന്ത്രണ്ടു ദിവങ്ങൾ പിന്നിടുമ്പോൾ, അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജെ എൻ യു വിലെ യൂണിയൻ പോലുള്ള നിരവധി വിദ്യാർത്ഥി സംഘടനകളും മറ്റു പ്രസ്ഥാനങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്.
പാലത്തുരുത്ത് ഇടവകയിൽ കടുതോടിയിൽ എബ്രഹാമിന്റെയും പരേതയായ അന്നമ്മയുടെയും മകനായ ജോഷിൽ 2002-2004 കാലഘട്ടത്തിൽ കെ സി വൈ എൽ കൈപ്പുഴ ഫൊറോനാ പ്രസിഡണ്ട് ആയിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം ഇപ്പോൾ അടിച്ചിറയിൽ താമസമാക്കിയിരിക്കുന്നു.