nattuvartha

അന്തര്‍ദേശീയസെമിനാറിന് ബി.സി.എം കോളേജില്‍ ഓഗസ്റ്റ് 24ന് തുടക്കം.

Tiju Kannampally  ,  2017-08-23 06:52:12amm

കോട്ടയം: പുരാതനപ്പാട്ടുകളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ സെമിനാറിന് ബിഷപ് ചൂളപ്പറമ്പില്‍ മെമ്മോറിയല്‍ കോളേജില്‍ ഇന്ന് (ഓഗസ്റ്റ് 24 ന്) തുടക്കമാകും. "മലയാളത്തിലെ സുറിയാനിക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകള്‍ നാടോടിവിജ്ഞാനീയപഠനത്തിലൂടെ" എന്ന വിഷയത്തെ ആസ്പദമാക്കി ഓഗസ്റ്റ് 26 വരെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. മഹാത്മാഗാന്ധിസര്‍വകലാശാല,ഡോ. ജേക്കബ് കൊല്ലാപറമ്പില്‍ എജുക്കേഷനല്‍ ട്രസ്റ്റ്, ക്‌നാനായ അക്കാദമി ഫോര്‍ റിസെര്‍ച്ച് & ട്രെയിനിംഗ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍റിസര്‍ച്ച് ഇന്‍ സോഷ്യല്‍ സയന്‍സസ് ആന്‍ഡ് ഹ്യുമാനിറ്റീസ്, ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്, ക്‌നാനായ കാത്തലിക്‌വിമന്‍സ് അസോസിയേഷന്‍, ക്‌നാനായ കാത്തലിക്‌യൂത്ത് ലീഗ് എന്നിവയുമായി സഹകരിച്ചാണ് ബി.സി.എം കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള 22 വിദഗ്ദ്ധര്‍ സെമിനാറില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.  പുരാതനകേരളത്തിന്റെ, പ്രത്യേകിച്ച് സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രം, ഭാഷ, വസ്ത്രധാരണം, ഭക്ഷണശൈലി, ആചാരങ്ങള്‍, ചടങ്ങുകള്‍, ആദ്ധ്യാത്മികത തുടങ്ങി സാംസ്‌കാരിക ജീവിതത്തിന്റെ സമസ്തമേഖലകളെക്കുറിച്ചും പ്രതിപാദിക്കുന്ന പുരാതനപ്പാട്ടുകള്‍ സാഹിത്യനിരൂപണത്തിന്റെ നവനിലപാടുകളിലൂടെ സെമിനാറില്‍ വിശദമായി വിലയിരുത്തപ്പെടും. ഗതകാലസംസ്‌കാരത്തിന്റെ അകംപൊരുളിലേക്ക് തിരിഞ്ഞുനോക്കുന്ന സെമിനാര്‍ പുത്തന്‍ ജ്ഞാനോത്പാദനത്തിന് ഉതകുന്ന നിരീക്ഷണങ്ങളുടെ വേദിയാകും.

 



Latest

Copyrights@2016.