india

ചെറുതോണി അണക്കെട്ടിന്‍റെ അഞ്ചാം ഷട്ടറും തുറന്നു. ഇടുക്കിയിലും എറണാകുളത്തും അതീവ ജാഗ്രത. പെരുമഴയില്‍ കനത്തനാശനഷ്ടം.

Editor  ,  2018-08-10 01:55:36amm

ഇടുക്കി: ചെറുതോണി അണക്കെട്ടിന്‍റെ അഞ്ചു ഷട്ടറുകളും തുറന്നു വിട്ടു. മൂന്നു ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടര്‍ന്നാണ് നാലും അഞ്ചും ഷട്ടറുകളും കൂടി തുറന്നത്. നിലവില്‍ മൂന്നു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ടെണ്ണം 50 സെന്‍റീ മീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ സെക്കന്‍റില്‍ നാലു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുകും. 2403 അടി പരമാവധി സംഭരണശേഷിയുള്ള ഇടുക്കി പദ്ധതിയില്‍ ഇപ്പോള്‍ ജലനിരപ്പ് 2401.65 അടിയിലെത്തി. ഇതിനുമുന്പ് 1981ലാണ് ചെറുതോണി ഡാമിന്‍റെ മുഴുവന്‍ ഷട്ടറുകളും തുറന്നുവിട്ടത്.

വ്യാഴാഴ്ച ഉച്ചയ്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ഷട്ടര്‍ തുറന്നെങ്കിലും നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ക്രമാതീതമായി ജലനിരപ്പ് കൂടിയതോടെ നിലവില്‍ ഡാം പൂര്‍ണ്ണമായും തുറന്നുവിട്ട അവസ്ഥയിലാണ്. ഇതോടെ ചെറുതോണി ടൗണില്‍ വെള്ളം കയറി ചപ്പാത്തിനു മുകളിലൂടെ ഒഴുകുന്ന സ്ഥിതിയിലെത്തി.

അതേസമയം ഈ വെള്ളം ഒഴുകിയെത്തുന്ന എറണാകുളത്ത് എല്ലാ അടിയന്തിര സാഹചര്യങ്ങളും നേരിടാന്‍ ജില്ലാ ഭരണകൂടം തയ്യാറെടുത്തു. ഉച്ചയ്ക് ശേഷം എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. പെരിയാറിലെ ജലനിരപ്പ് ഉയരുന്നത് കണക്കിലെടുത്ത് 6500 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങളെ ജില്ലയില്‍ വിന്യസിച്ചിട്ടുണ്ട്. പെരിയാര്‍ തീരത്തുള്ളവര്‍ പുറത്തിറങ്ങരുതെന്നും സെല്‍ഫി എടുക്കാനോ ഫോട്ടോ എടുക്കാനോ ശ്രമിക്കരുതെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടമലയാര്‍, ഇടുക്കി, ഭൂതത്താന്‍കെട്ട് ഡാമുകളില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തി തുടങ്ങിയതോടെ പെരിയാര്‍ തീരത്ത് ആശങ്ക കനക്കുകയാണ്. നെടന്പാശേരി വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്.

ഇടുക്കി ജില്ലയില്‍ വിനോദസഞ്ചാരവും ചരക്ക് വാഹനങ്ങളുടെ യാത്രയും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ശക്തമായ മഴ തുടരുന്നതിനിടെ ജില്ലയിലെ വിവിധ ഡാമുകള്‍ തുറന്നു വിട്ടിരിക്കുകയാണ്. നദികളെല്ലാം കരകവിഞ്ഞൊഴുകുന്ന സ്ഥിതിയില്‍ എത്തിയിരിക്കുന്നു. മഴക്കെടുതിയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 26 ആയി. ഇടുക്കി, വയനാട് ജില്ലകളില്‍ രൂക്ഷമായ മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലും തുടരുകയാണ്. കോഴിക്കോടും, പാലക്കാടും മലപ്പുറത്തും നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചുരങ്ങളിലെല്ലാം മണ്ണിടി‍ഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതോടം വയനാട് ജില്ല പൂര്‍ണ്ണമായും ഒറ്റപ്പെട്ട സ്ഥിതിയിലാണ്.

സംസ്ഥാനത്ത് മഴക്കാലക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 12 വരെയുള്ള പൊതുപരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റദ്ദാക്കി. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അദ്ദേഹം തിരുവനന്തപുരത്ത് തന്നെ തുടരും. നിലവിലെ അവസ്ഥ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി രാവിലെ ഉന്നതതലയോഗം വിളിച്ചിരുന്നു. പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി ഇന്നു രാവിലെ മുഖ്യമന്ത്രിയെ ഫോണില്‍ വിളിച്ച് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും നിലവിലെ സാഹചര്യം നേരിടാന്‍ കേന്ദ്രസര്‍ക്കാരിന്‍റെ പൂര്‍ണ്ണസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തു.Latest

Copyrights@2016.