india

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചതുപ്പിൽ താഴ്ത്തി.

Tiju Kannampally  ,  2019-07-11 02:40:52amm

കൊച്ചി : എറണാകുളം നെട്ടൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കിക്കെട്ടി ചതുപ്പിൽ താഴ്ത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ. കൊല്ലപ്പെട്ട കുമ്പളം മാന്നനാട്ട് വീട്ടിൽ അർജുന്റെ (20) സുഹൃത്തുക്കളാണ് അറസ്റ്റിലായ കുമ്പളം നെട്ടൂർ സ്വദേശികളായ പ്രതികൾ. ഇവരുടെ പേര് വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാനാകില്ലെന്നും മേൽനടപടികൾ പുരോഗമിക്കുകയാണെന്നു പനങ്ങാട് സി.ഐ കേരളകൗമുദിയോട് പറഞ്ഞു. പ്രതികളെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് രാവിലെ എട്ടരയോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, മൃതദേഹം കരയ്ക്കെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. തൃക്കാക്കര അസി. കമ്മിഷണർ, പനങ്ങാട് സി.ഐ, എസ്.ഐ, ഫോറൻസിക് വിദഗ്ദ്ധരടക്കം സ്ഥലത്തുണ്ട്. നെട്ടൂർ മേൽപ്പാലത്തിനു ഒരു കിലോമീറ്റർ 

അകലെ റെയിൽവേ ട്രാക്കിന് സമീപം ആൾ താമസമില്ലാത്ത കണിയാച്ചാൽ ഭാഗത്ത് കുറ്റിക്കാട്ടിൽ നിന്നും ഇന്നലെ വൈകിട്ടാണ് അർജുന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് നാട്ടുകാരും ജനപ്രതിനിധികളും സ്ഥലത്ത് എത്തിയിട്ടുണ്ട്.കഴിഞ്ഞ രണ്ടാം തീയതി മുതൽ അർജുനെ (20) കാണാനില്ലെന്ന് അറിയിച്ച് കുടുംബം പനങ്ങാട് പൊലീസിന് പരാതി നൽകിയിരുന്നു. എന്നാൽ, പൊലീസ് വേണ്ടത്ര ഗൗരവത്തിൽ കേസന്വേഷണം നടത്തിയില്ലെന്ന് വ്യാപകമായി പരാതി ഉയർന്നിട്ടുണ്ട്. അർജുന്റെ സുഹൃത്തുക്കളെ സംശയിക്കുന്നതായി കാണാതാകുമ്പോൾ നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. പനങ്ങാട് പൊലീസ് പരാതിയിൽ പറയുന്ന സുഹൃത്തുക്കളെ വിളിച്ച് ചോദ്യം ചെയ്യുകയും പിന്നീട് വിട്ടയക്കുകയുമായിരുന്നു. ബുധനാഴ്ച അർജുന്റെ പിതാവ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. ഇതോടെ ജനപ്രതിനിധികളും മറ്റും ഇടപെട്ടതിനെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശമനുസരിച്ച് കേസ്. അന്വേഷണം ആരംഭിക്കുകയും പനങ്ങാട് പൊലീസ് ഈ സംഘത്തെ വീണ്ടും ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്ക് വഴിവച്ചത് മുൻ വൈരാഗ്യം, കഴിഞ്ഞ വർഷം പ്രതികളിലൊരാളുടെ സഹോദരനൊപ്പം അർജുൻ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യവേ കളമശേരിയിൽ വച്ച് അപകടത്തിൽപ്പെട്ടിരുന്നു. ബൈക്കോടിച്ചിരുന്ന പ്രതിയുടെ സഹോദരൻ മരിക്കുകയും പിന്നിലിരുന്ന അർജുന് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിനുശേഷം തന്റെ സഹോദരനെ അർജുൻ കൊണ്ടുപോയി കൊന്നതാണെന്ന തരത്തിൽ മരിച്ചയാളുടെ സഹോദരൻ കൂട്ടുകാരോട് പറഞ്ഞിരുന്നു. ഇയാൾക്ക് സഹോദരന്റെ മരണത്തിൽ അർജുനോടുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. സംഭവ ദിവസം കൂട്ടുകാരനെക്കൊണ്ട് അർജുനെ പെട്രോൾ തീർന്നെന്ന കാരണം പറഞ്ഞ് നെട്ടൂരിലേക്ക് വിളിച്ചുവരുത്തി. കൂട്ടുകാരനെ പറഞ്ഞുവിട്ട ശേഷം പ്രതികൾ സംഘം ചേർന്ന് അർജുനെ മർദിച്ച ശേഷം ചതുപ്പിൽ താഴ്ത്തുകയായിരുന്നെന്നാണ് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുള്ളത്.




Latest

Copyrights@2016.