europe
യുകെയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തുന്നു

ലണ്ടന്‍ : ഏതാനും വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം യുകെയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റത്തില്‍ വീണ്ടും വര്‍ധനവ് രേഖപ്പെടുത്തുന്നു. സ്ററുഡന്റ് വിസയിലും ജോബ് വിസയിലും യുകെയിലെത്തുന്ന ഇന്ത്യക്കാര്‍ ബ്രെക്സിറ്റിനു ശേഷം സംഭവിക്കാനിടയുള്ള തൊഴിലാളി ക്ഷാമത്തില്‍ ബ്രിട്ടനു പ്രതീക്ഷ പകരുകയും ചെയ്യുന്നു.
ടൂറിസ്ററ് വിസയില്‍ ബ്രിട്ടന് സന്ദര്‍ശിക്കാനെത്തുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. 2018 ജൂലൈ ഒന്ന് മുതല്‍ 2019 ജൂണ്‍ 30 വരെയുള്ള കാലത്തിനിടെ ബ്രിട്ടനില്‍ പഠിക്കാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 42 ശതമാനമാണ് വര്‍ധന.
ഇതിന് പുറമെ ഇന്ത്യക്കാര്‍ക്ക് നല്‍കിയിരിക്കുന്ന ടയര്‍ 4 (സ്ററുഡന്റ്) വിസകളുടെ എണ്ണം ഇക്കാലത്ത് 21,881 ആയി വര്‍ധിച്ചു.2011~12ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന എണ്ണമാണിത്. ബ്രക്സിറ്റ് നടപ്പിലായാല്‍ പോസ്ററ് സ്ററഡി വര്‍ക്ക് വിസ പുനരുജ്ജീവിപ്പിക്കപ്പെടുമെന്ന പ്രതീക്ഷ വര്‍ധിച്ചതിനാലാണ് ഇത്തരത്തില്‍ ഇന്ത്യക്കാര്‍ കൂടുതലായി യുകെയിലേക്ക് പ്രവഹിക്കാന്‍ തുടങ്ങിയിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
2011ല്‍ തെരേസ മേയ് ആഭ്യന്തര മന്ത്രിയായിരിക്കുമ്ബോഴാണ് രണ്ടു വര്‍ഷത്തെ പോസ്ററ് സ്ററഡി വര്‍ക്ക് വിസ റദ്ദാക്കിയത്. ഇതോടെയാണ് യുകെയിലെത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നത്. 55 ശതമാനമായിരുന്നു ഇടിവ്. 2010~2011ല്‍ 51,218 ഇന്ത്യന്‍ വിദ്യാര്ത്ഥികളെത്തിയിരുന്ന സ്ഥാനത്ത് 2011~12ല്‍ 22,757 വിദ്യാര്‍ത്ഥികള്‍ മാത്രം. 2017~18ല്‍ ഇവരുടെ എണ്ണം 15,388 ആയും ഇടിഞ്ഞു.
ഇക്കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച് യുകെ 5,03,599 ഇന്ത്യക്കാര്‍ക്ക് വിസിറ്റിങ് വിസ അനുവദിച്ചുകഴിഞ്ഞു. ആകെ അനുവദിച്ച വിസിറ്റ് വിസകളില്‍ 49 ശതമാനവും ചൈനക്കാര്‍ക്കും ഇന്ത്യക്കാര്‍ക്കുമായാണ് നല്‍കിയിരിക്കുന്നത്. ഇന്ത്യക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 11 ശതമാനം വര്‍ധിക്കുകയും ചെയ്തു.