nattuvartha

കാരുണ്യദീപം പദ്ധതി വഴി നാല്‍പ്പത് കുടുംബങ്ങള്‍ക്ക് സഹായഹസ്തമൊരുക്കി സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹം

Tiju Kannampally  ,  2016-03-15 06:17:53am

 കാരുണ്യവര്‍ഷത്തോടനുബന്ധിച്ച് അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍ദ്ദേശിച്ച പ്രായോഗിക പ്രവര്‍ത്തനങ്ങളിലൊന്നായ കാരുണ്യദീപം കുടുംബശാക്തീകരണ പദ്ധതിയില്‍ പങ്കാളികളായി 40 കുടുംബങ്ങളെ സഹായിക്കുവാന്‍ അതിരൂപതയിലെ സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹം മുമ്പോട്ട് വരുന്നു. അഞ്ച് വര്‍ഷക്കാലത്തേക്ക് പ്രതിമാസം ആയിരം രൂപ വീതം ലഭ്യമാകത്തക്കവിധം 25 ലക്ഷം രൂപയാണ് സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹം ലഭ്യമാക്കുന്നത്.
 പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് അതിരൂപതയിലെ എല്ലാ ഇടവകകളിലും സാമ്പത്തിക സഹായം അനിവാര്യമായ കുടുംബങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി വരികയാണ്. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗത്തിന്റെ ലോക്കല്‍ യൂണിറ്റാണ് അര്‍ഹതയുള്ള കുടുംബങ്ങളെ കണ്ടെത്തുന്നത്. ഇടവകകള്‍ തെരഞ്ഞെടുക്കുന്ന കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായത്തോടൊപ്പം ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പരിശീലനങ്ങളും അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗങ്ങളായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്നിവ വഴി ലഭ്യമാക്കും. അര്‍ഹതയുളള എല്ലാ ക്‌നാനായ കുടുംബങ്ങളിലും കാരുണ്യവര്‍ഷത്തില്‍ സഹായമെത്തിക്കുന്നതിനായി സന്മനസ്സുള്ള വ്യക്തികളുടേയും കുടുംബങ്ങളുടേയും സംഘടനകളുടേയും സഹകരണം തേടിക്കൊണ്ടിരിക്കുകയാണ്. സാധിക്കുന്നിടത്തോളം ഇടവകകള്‍ സ്വന്തമായി ഫണ്ട് കണ്ടെത്തി കുടുംബങ്ങളെ സഹായിക്കുന്നതോടൊപ്പം ഫണ്ട് കണ്ടെത്തുവാന്‍ കഴിയാത്ത ഇടവകകളിലെ തെരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങള്‍ക്ക് പദ്ധതിയില്‍ നിന്നും ഫണ്ട് ലഭ്യമാക്കും.  



Latest

Copyrights@2016.