nattuvartha

ദൈവസ്‌നേഹം കാരുണ്യ ശുശ്രൂഷകളിലൂടെ പ്രതിഫലിക്കുന്നു. മാര്‍ മാത്യു മൂലക്കാട്ട്‌

Anil Mattathikunnel  ,  2016-03-17 11:29:21am സിജോ തോമസ്‌

കോട്ടയം: ദൈവത്തിന്റെ അനന്തമായ സ്‌നേഹം കാരുണ്യ ശുശ്രൂഷകളിലൂടെ പ്രതിഫലിപ്പിക്ക പ്പെടുന്നുവെന്ന്‍‌ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. കാരുണ്യവര്‍ഷാചരണ ത്തോടനുബന്ധിച്ച്‌ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ കോട്ടയം ക്രിസ്‌തുരാജ കത്തീഡ്രലില്‍ സംഘടിപ്പിച്ച കാരുണ്യ ശുശ്രൂഷകരുടെ സംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹമനുഷ്യരിലും സൃഷ്‌ടപ്രപഞ്ചത്തിലും കാരുണ്യത്തിന്റെ ചൈതന്യം പ്രസരിപ്പിക്കുവാനും സഭയുടെ സാമൂഹ്യ ശുശ്രൂഷയുടെ ദൈവിക വശങ്ങള്‍ വിചിന്തനം ചെയ്യുവാനും കാരുണ്യശുശ്രൂഷകരുടെ സംഗമം വഴിയൊരുക്കുമെന്ന്‍‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഗമത്തോടനുബന്ധിച്ച്‌ കത്തീഡ്രല്‍ ദേവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്ന കരുണയുടെ വാതിലിലൂടെയുള്ള പ്രവേശനവും കൃതജ്ഞതാബലിയും വചനവിചിന്തനവും ദിവ്യകാരുണ്യ ആരാധനയും നടത്തപ്പെട്ടു. കൃതജ്ഞതാ ബലിക്ക്‌ അതിരൂപതാ വികാരി ജനറാള്‍ റവ. ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌ മുഖ്യകാര്‍മ്മികത്വം വഹിച്ചു. മോണ്‍. മാത്യു ഇളപ്പാനിക്കല്‍ വചനസന്ദേശം നല്‍കി. കോട്ടയം സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി സെക്രട്ടറി ഫാ. ബിന്‍സ്‌ ചേത്തലില്‍, അസിസ്റ്റന്റ്‌ സെക്രട്ടറി ഫാ. ബിബിന്‍ കണ്ടോത്ത്‌, മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റി അസിസ്റ്റന്റ്‌ സെക്രട്ടറി ഫാ. മാത്യൂസ്‌ വലിയപുത്തന്‍പുരയില്‍, ചൈതന്യ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ്‌ സൊസൈറ്റി സെക്രട്ടറി ഫാ. ജെയിംസ്‌ വടക്കേക്കണ്ടംകരിയില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കോട്ടയം അതിരൂപതയിലെ സാമൂഹ്യ പ്രവര്‍ത്തന സ്ഥാപനങ്ങളിലും സംഘടനകളിലും സേവനമനുഷ്‌ഠിക്കുന്ന സന്യസ്‌തരും അല്‍മായരും ഉള്‍പ്പടെ ഇരുന്നൂറോളം പേര്‍ സംഗമത്തില്‍ പങ്കെടുത്തു. കാരുണ്യവര്‍ഷത്തിലെ വലിയ നോമ്പില്‍ സഭയിലെ എല്ലാ കാരുണ്യ ശുശ്രൂഷകര്‍ക്കും ഏകദിന ആത്മീയ ധ്യാനം ഒരുക്കണമെന്ന ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയുടെ ആഹ്വാനമനുസരിച്ചാണ്‌ സംഗമം ഒരുക്കിയത്‌.
ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌
ചെയര്‍മാന്‍
സോഷ്യല്‍ ആക്‌ഷന്‍ കമ്മീഷന്‍

കാരുണ്യവര്‍ഷാചരണത്തോടനുബന്ധിച്ച്‌ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ക്രിസ്‌തുരാജ കത്തീഡ്രലില്‍ സംഘടിപ്പിച്ച കാരുണ്യശുശ്രൂഷകരുടെ സംഗമം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ ഉദ്‌ഘാടനം ചെയ്യുന്നു. (ഇടത്തുനിന്ന്‌) മേരിക്കുട്ടി ജോണ്‍, സിസ്റ്റര്‍ മേഴ്‌സിന്‍ എസ്‌.ജെ.സി, ഫാ. മാത്യൂസ്‌ വലിയപുത്തന്‍പുരയില്‍, ജോസ്‌ കോതാലടിയില്‍, മോണ്‍. മാത്യു ഇളപ്പാനിക്കല്‍, ഫാ. ജിജോ നെല്ലിക്കാകണ്ടത്തില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്‌, ഫാ. ജോണ്‍ ചേന്നാക്കുഴി, ഫാ. ജെയിംസ്‌ വടക്കേകണ്ടംകരിയില്‍, ഫാ. ബിന്‍സ്‌ ചേത്തലില്‍, ഫാ. ബിബിന്‍ കണ്ടോത്ത്‌ എന്നിവര്‍ സമീപം.

കാരുണ്യവര്‍ഷാചരണത്തോടനുബന്ധിച്ച്‌ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ക്രിസ്‌തുരാജ കത്തീഡ്രലില്‍ സംഘടിപ്പിച്ച കാരുണ്യശുശ്രൂഷകരുടെ സംഗമത്തെ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ അഭിസംബോധന ചെയ്യുന്നു.



Latest

Copyrights@2016.