gulf

ഇന്ന് പെസഹാ വി:കുർബാനയുടെ സ്ഥാപക ദിനം - സിജിൻ ഒളശ്ശയുടെ ഓർമയിലൂടെ

Saju Kannampally  ,  2017-04-12 07:16:34pmm സിജിൻ ഒളശ്ശ

പ്രിയമുള്ളവരേ, പരി. കുർബാനയെപ്പറ്റി പൂർണ്ണമായി എഴുതാനോ പറയാനോ ഞാൻ ആരുമല്ല, എനിക്കറിയുകയുമില്ല, ഞാൻ യോഗ്യനുമല്ല. എങ്കിലും വി. കുർബാന എന്റെ ജീവിതത്തിൽ എന്നെ സ്വാധീനിച്ചതും ഞാൻ അറിഞ്ഞതുമായ കാര്യങ്ങൾ ദൈവമഹത്വത്തിനായി ഒന്ന് കുറിക്കാനുള്ള ഒരു എളിയ ശ്രമമാണിത്‌.

പണ്ട്‌ കാലം മുതൽക്കേ വി .കുർബാനയിൽ പങ്ക്‌ ചേരുകയും, അൾത്താരബാലനായും ഗായകനായും ശുശ്രൂഷ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും, ആഴമായി അറിയുവാനോ സാധിച്ചിട്ടോ ശ്രമിച്ചിട്ടോ ഇല്ലായിരുന്നു. എന്നാൽ ഒരു ധ്യാനാവസരത്തിൽ എഴുതി ഒരുങ്ങി പ്രാർത്ഥിച്ച്‌ നടത്തിയ ഒരു കുമ്പസാരശേഷം പരിശുദ്ധാത്മാഭിഷേകം നിറഞ്ഞു തുളുമ്പിയ വി. കുർബാനയെപ്പറ്റിയുള്ള ഒരു ക്ലാസ്സ്‌ കേൾക്കാൻ ഇടവന്നു.

ക്ലാസ്സ്‌ ആരംഭിച്ച്‌ ഒരു പത്ത്‌ മിനിറ്റ്‌ നേരം വലിയ കാര്യമായോ വലിയൊരു ആവശ്യമായോ പോലും തോന്നിയില്ല. പക്ഷേ പത്ത്‌ മിനിറ്റിനുശേഷം കേട്ട ഓരോ വാക്കുകളും കേട്ടപ്പൊ ആ ക്ലാസ്സ്‌ തീരുന്നത്‌ വരെ എന്റെ കണ്ണുനീർ ഒഴുകിക്കൊണ്ടേയിരുന്നു, രോമം എഴുന്ന് തന്നെ നിന്നു.പറഞ്ഞറിയിക്കാൻ ഇന്നും എനിക്ക്‌ സാധിക്കാത്ത ഒരു സ്വർഗ്ഗീയ അഭിഷേകം ഒരു അനുഭൂതി എനിക്ക്‌ കുർബാനയെപ്പറ്റിയുള്ള ആ ക്ലാസ്സിൽ നിന്നും ഉണ്ടായി. പിന്നെയും അറിയാൻ താൽപ്പര്യം കൂടി. ആ ക്ലാസ്സ്‌ അവസാനിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോയി. തിരുവോസ്തിയോളം ചെറുതായി സ്നേഹത്തിന്റെ വലിപ്പം കാണിച്ചുതന്ന എന്റെ ഈശോ എന്നെ കുർബാനയോടടുപ്പിച്ചു.

പ്രിയരേ വി കുർബാനയെപ്പറ്റി സാഹിത്യവത്കരിക്കാൻ എനിക്കറിയില്ല. പക്ഷേ ഞാൻ പച്ചക്ക്‌ പറയാം അൾത്താരയിൽ നീ കാണുന്ന വിശുദ്ധീകരണത്തിന്റെ ബലിപീഠം നമ്മുടെ കർത്താവിന്റെ കബറിടം മാത്രമല്ല കുർബാനയുടെ ആദ്യാവസരങ്ങളിൽ അത്‌ പുൽക്കൂടാകുന്നു. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതിയെന്ന തിരുപ്പിറവി അനുസ്മരണത്തിലെ മാലാഖമാരുടെ കീർത്തനവേളയിൽ. . ,

 ഉദ്ധാനഗീത സമയത്തും ത്രൈശുദ്ധകീർത്തന വേളയിലും ആ അൾത്താര ആ ബലിപീഠം സ്വർഗ്ഗമാകുന്നു. മാലാഖമാർക്കൊപ്പം നാമും സർവ്വാധിപനായ ത്രീത്വൈക ദൈവത്തെ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്ന് സ്തുതിക്കുന്ന സ്വർഗ്ഗീയ അനുഭവം ആ നിമിഷത്തിൽ നമുക്കും ലഭ്യമാകും. ശേഷം ഈശോയുടെ പരസ്യ ജീവിതപ്രവേശനത്തെ വചന വായനകളിൽ നാം സ്മരിക്കുന്നു..

ലോകത്തിലുള്ള സകല പ്രശ്നങ്ങൾക്കും പരിഹാരവും സകല ചോദ്യങ്ങൾക്കും മറുപടിയും സകല മനുഷ്യർക്കുമുള്ള രക്ഷയായി വചനമായ ദൈവം പ്രവാചകരിലൂടെയും സുവിശേഷത്തിലൂടെയും അപ്പസ്തോല ലേഖനങ്ങളിലൂടെയും നമ്മിലേക്ക്‌ ഇറങ്ങി വരുന്ന വലിയ അഭിഷേക സമയം. ഉണ്ടാകട്ടെ എന്ന ഒറ്റ വാക്കിനാൽ പ്രപഞ്ചത്തെ തന്നെ സൃഷ്ടിച്ച ദൈവം,അനാദിയിലേ തന്നോടൊത്തുണ്ടായിരുന്ന സ്വപുത്രനായ വചനത്തെ മാംസമാക്കി ,

പാപം നിറഞ്ഞ ലോകത്തേക്കയച്ച ദൈവം തന്റെ പുത്രനോടും നമ്മുടെ മനസ്സിൽ നിറയുന്ന നിമിഷം കൂദാശാ വചനങ്ങളിൽ ഇതെന്റെ ശരീരവും രക്തവുമാകുന്നു എന്ന് പറഞ്ഞ്‌ അപ്പവും വീഞ്ഞും വാഴ്ത്തി വിഭജിക്കുമ്പൊ നീ പരിശുദ്ധാത്മ നിറവിൽ നോക്കുക അപ്പൊൾ ആ ബലിപീഠം ഒരു കശാപ്പുകാരന്റെ(ഇറച്ചി വെട്ടുകാരൻ) മേശയാകും. അവിടെ നിന്റെ ഉൾക്കണ്ണിൽ നിനക്ക്‌ കാണാം നിന്റെ പാപങ്ങൾക്കായി ഒഴുകുന്ന നിന്റെ ദാഹം തീർക്കാൻ ഒഴുകുന്ന തിരുച്ചോരയും വെട്ടി ഞുറുക്കിയിടപ്പെട്ട തിരുശരീരവും. നിനക്കും എനിക്കും ലോകത്തിനുമുഴുവനുമായി ഒരു ദൈവം അവിടെ ഓരോ ദിനവും ഓരോ നിമിഷവും ക്രൂരമായി പീഡിപ്പിക്കപ്പെട്ട്‌ മുറിവുകളേറ്റ്‌ ചോരവാർന്ന് ബലിയാകുന്നു. ആ ബലിപീഠത്തിൽ ഈവിധം നിറകണ്ണുകളോടെ ദർശ്ശിക്കാൻ നിനക്കെന്ന് സാധിക്കുന്നോ അന്നേ നിന്റെ കുർബാന പൂർണ്ണമാകൂ.

പഴയനിയമ പെസഹായും പുതിയനിയമ പെസഹായും രണ്ടല്ല. . . ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് ഇശ്രായേൽ ജനത്തെ മോചിപ്പിക്കാൻ ദൈവം തിരഞ്ഞെടുത്ത ആ ദിനം ഈജിപ്തിലെ ആദ്യജാതരെ കൊന്ന് ദൈവത്തിന്റെ സംഹാരദൂതൻ കടന്നുപോയ ആ ദിനം ഇസ്രായേലിൽ ആരും നശിക്കാതിരിക്കാൻ അന്ന് ഓരോ ഇസ്രായേല്യനും വീട്ടിൽ കൊന്ന് ഭക്ഷിക്കാനും രക്തം കട്ടിളപ്പടിയിന്മേൽ അടയാളമായി പുരട്ടാനും ദൈവം പറഞ്ഞ ആ ഊനമൊത്ത ആട്ടിൻ കുട്ടിയുടെ പകരക്കാരനായി പുതിയനിയമത്തിൽ നമ്മുടെ ദൈവപുത്രൻ. . .

. അന്ന് ഇസ്രായേലിലെ ആദ്യജാതരുടെ ജീവൻ രക്ഷിക്കാൻ കുഞ്ഞാടിന്റെ തിരുരക്തം ആവശ്യമായിയെങ്കിൽ ലോകത്ത്‌ പെരുകിയ പാപം മൂലം മനുഷ്യകുലത്തെ മുഴുവൻ രക്ഷിക്കാൻ എന്റെ ഈശോയുടെ തിരുരക്തവും വേണ്ടി വന്നു. കാരണം രക്തം ചിന്താതെ പാപമോചനമില്ലല്ലോ . . . പുളിപ്പില്ലാത്ത അപ്പവും കുഞ്ഞാടിന്റെ ഇറച്ചിക്കും പകരം എന്റെ രക്ഷകൻ ഒരേസമയം ബലിയർപ്പകനും ബലിവസ്തുവായ പെസഹാക്കുഞ്ഞാടുമായി . . .ലൂക്കാ സുവിശേഷകൻ ഇപ്രകാരം എഴുതിയിരിക്കുന്നു (22:19,20). "പിന്നെ അവൻ അപ്പമെടുത്ത്‌, കൃതജ്ഞതാസ്തോത്രം ചെയ്ത്‌, മുറിച്ച്‌, അവർക്ക്‌ കൊടുത്തുകൊണ്ട്‌ അരുളിച്ചെയ്തു; ഇത്‌ നിങ്ങൾക്കുവേണ്ടി നൽകപ്പെടുന്ന എന്റെ ശരീരമാണു. എന്റെ ഓർമ്മക്കായി ഇത്‌ ചെയ്യുവിൻ. അപ്രകാരം തന്നെ അത്താഴത്തിനുശേഷം അവൻ പാനപാത്രമെടുത്തുകൊണ്ട്‌ അരുളിച്ചെയ്തു; ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചിന്തപ്പെടുന്ന എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണു " അതേ പ്രിയരേ അരുളിയത്‌ പോലെ തന്നെ അവന്റെ ശരീരം പീടകളേറ്റ്‌ ചോര ചിന്തി കുരിശിൽ തൂങ്ങപ്പെട്ട്‌ ബലിയായില്ലേ . . . "നമ്മുടെ പെസഹാ കുഞ്ഞാടായ ക്രിസ്തു ബലിയർപ്പിക്കപ്പെട്ടിരിക്കുന്നു." (1 കോറി 5:7) വി കുർബാന സ്ഥാപനം വഴി തന്റെ കുരിശിലെ ബലി താൻ വീണ്ടും വരുന്നതുവരെ എല്ലാ യുഗങ്ങളിലും ശാശ്വതമായി തുടർന്നുകൊണ്ടു പോകുവാനാണു അങ്ങനെ ചെയ്തത്‌ . കുരിശിലെ ആ യാഗം അൾത്താരകളിൽ അർപ്പിക്കപ്പെടുമ്പോഴെല്ലാം നമ്മുടെ രക്ഷാകരകർമ്മം നിർവ്വഹിക്കപ്പെടുകയാണു പ്രിയരേ ഈ അനുഭവങ്ങൾ വി. കുർബാനയിൽ നിന്ന് നമുക്ക്‌ ലഭ്യമാകണമെങ്കിൽ നാം നമ്മെ പാപങ്ങളിൽ നിന്ന് പൂർണ്ണമായി വിശുദ്ധീകരിച്ച്‌ ഈ അനുഭവത്തിനായി ആഗ്രഹിച്ച്‌ ഒരുങ്ങണം.

അതിനു നിങ്ങളെ യതാർത്ഥ അനുതാപത്തോടെയും പശ്ചാത്താപത്തോടെയുമുള്ള നല്ല കുമ്പസാരം സഹായിക്കും. എന്റെ അനുഭവത്തിൽ നിന്ന് ബോധ്യമായ ഒരു ദൈവീക ബോധ്യമാണത്‌ കാരണം ക്ലാസ്സിനു മുൻപ്‌ ഞാൻ നടത്തിയ ആ കുമ്പസാരമാണു വി. കുർബാനയെപ്പറ്റി അറിയാൻ എന്നെ പ്രാപ്തനാക്കിയതെന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം വിശുദ്ധമായവ വിശുദ്ധിയോടെ സമീപിക്കാൻ തമ്പുരാൻ ആഗ്രഹിക്കുന്നു. വചനം പറയുന്നു " ആരെങ്കിലും അയോഗ്യതയോടെ കർത്താവിന്റെ അപ്പം ഭക്ഷിക്കുകയും, ഈ പാത്രത്തിൽ നിന്ന് പാനം ചെയ്യുകയും ചെയ്താൽ, അവൻ കർത്താവിന്റെ ശരീരത്തിനും രക്തത്തിനും എതിരേ പാപം ചെയ്യുന്നു." (1 കോറി 11:27 ) വചനം തുടരുന്നു " എന്തുകൊണ്ടെന്നാൽ ശരീരത്തെ വിവേചിച്ചറിയാതെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നവൻ തന്റെ തന്നെ ശിക്ഷാവിധിയാണു ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്യുന്നത്‌ " മറ്റൊരു അഭിഷേക സമയാമാണു പ്രിയപ്പെട്ടവരേ "റൂഹാക്ഷണ പ്രാർത്ഥന " കർത്താവേ നിന്റെ പരിശുദ്ധാത്മാവ്‌ എഴുന്നള്ളി വരട്ടേ എന്ന് വൈദീകൻ ഉച്ചത്തിൽ ചൊല്ലുമ്പോൾ, എനിക്ക്‌ പരിശുദ്ധാത്മാവിനെ വേണമെന്ന് ആഗ്രഹിച്ച്‌ പ്രാർത്ഥിക്കുന്ന ഏതൊരുവന്റേമേലും ബലി വസ്തുക്കളിന്മേലും പ്രിശുദ്ധാത്മാവിന്റെ ആവാസം ഉണ്ടാകുന്നു. ഇതും ഞാൻ അനുഭവിച്ചറിഞ്ഞ അനുഗ്രഹമാണു. വരങ്ങളും ദാനങ്ങളും ഫലങ്ങളും നമ്മിലേക്ക്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ അളവില്ലാതെ ചൊരിയുന്നു. എന്റെ യേശുനാഥന്റെ തിരുശരീരരക്തങ്ങൾ അപ്പവും വീഞ്ഞുമായി സ്വീകരിക്കുമ്പോൾ അതിനായി പാപിയും ബലഹീനനുമായ എന്നെ യോഗ്യനാക്കണമേയെന്നും സ്വീകരിച്ച ശേഷം എന്റെ ശരീരത്തിലേക്ക്‌, ജീവിതത്തിലേക്ക്‌ ഹൃദയത്തിലേക്ക്‌ ഇഴുകിച്ചേർന്ന നാഥനു നന്ദിയും സ്തുതിയും ആരാധനയും അർപ്പിച്ച്‌, മരണത്തെ ജയിച്ച്‌ ഉദ്ധിതനായി തീർന്ന തമ്പുരാന്റെ ആശീർവ്വാദം സ്വീകരിക്കുമ്പൊ നാമും അവന്റെ രണ്ടാമത്തെ ആഗമനത്തിനു മുൻപ്‌ അവൻ ആഗ്രഹിക്കുന്ന അവസ്ഥയിലേക്ക്‌ ഉയർത്തപ്പെടുന്നു.ആത്മാവിൽ നിറഞ്ഞ്‌ അപ്പവും വീഞ്ഞുമാകുന്ന എന്റെ ഈശോയുടെ തിരിരുശരീര രക്തങ്ങൾ സ്വീകരിച്ചാൽ പിന്നെ നീ വഴി നിന്റെ കുടുംബം, സമൂഹം, നാട്‌ സുഹൃത്തുക്കൾ നിനക്കുള്ളവയെല്ലാം അനുഗ്രഹിക്കപ്പെടും. ആദരവോടും ഭക്തിയോടും കൂടെ വേണം പരിശുദ്ധ കുർബാനയെ സമീപിക്കാൻ , അത്‌ നിനക്ക്‌ തമാശകളിക്കാൻ, ഉറക്കം തൂങ്ങാൻ, വർത്തമാനം പറയാൻ, മൊബൈലിൽ സംസാരിക്കാൻ , മെസേജ്‌ അയക്കാൻ, പുറത്ത്‌ പോയി പുകവലിക്കാൻ ഉള്ള സമയമല്ല. ലോകം ചെയ്തതും ചെയ്യാനിരുന്നതുമായ പാപങ്ങൾക്കായി നിന്റെ നാഥൻ നിന്റെ രക്ഷകൻ നിനക്കായി ഭക്ഷണമായി അൾത്താരയിൽ നിന്നെക്കാത്തിരിക്കുമ്പോൾ മകനേ മകളേ നീ അത്‌ ഭക്ഷിക്കാതെ പോയിട്ടുണ്ടെങ്കിൽ മാപ്പപേക്ഷിച്ച്‌ കരഞ്ഞ്‌ നീ തിരികെ വാ. ആ അൾത്താരയിൽ ഇരിക്കുന്നത്‌ നിനക്കും നിന്റെ കുടുംബത്തിനും ഈ സമസ്തലോകത്തിനുമുള്ള രക്ഷയാണിരിക്കുന്നത്‌.

കുർബാന കാണാനായി ആരും വരരുതേ, കുർബാന അർപ്പിക്കാൻ വരണം ബലിവസ്തുവും ബലിയർപ്പകനുമായവനെ ഭക്ഷിക്കാൻ വരണം. അവിടെയാണു നിത്യരക്ഷ. കുർബാനയെക്കുറിച്ച്‌ അറിഞ്ഞതിൽ പിന്നെ കുർബാന മുടക്കാൻ എനിക്ക്‌ മന:പ്പൂർവ്വം സാധിക്കുമായിരുന്നില്ല. മനപ്പൂർവ്വം ഞാൻ മുടക്കിയപ്പോൾ എനിക്ക്‌ അതിന്റെ ദുരനുഭവങ്ങളും ഉണ്ടായിട്ടുണ്ട്‌. എന്നെ വിശ്വസിപ്പിക്കാനെന്നവണ്ണം ഞാൻ തിരികെ വരുമ്പൊ ദൈവം എന്നെ ഇരട്ടി അനുഗ്രഹിച്ചിട്ടുമുണ്ട്‌. ആ വലിയ സ്നേഹത്തോട്‌ ചേർന്ന് നിന്നാൽ നിനക്ക്‌ കാണാം നിന്റെ നാഥൻ നിന്നെ രക്ഷിക്കാൻ സ്വയം ഏറ്റെടുത്ത ഓരോ മുറിവും ഓരോ പീഡകളും, ഓരോ തുള്ളി ചോരയും. അതിനെ അറിഞ്ഞവൻ ഇതൊരു കടമ നിർവ്വഹണം മാത്രമായി ഒരിക്കലും ഇതിനെ സമീപിക്കില്ല. ഗാനാലാപനം എനിക്ക്‌ തൊഴിലാണെങ്കിലും കുർബാനയേയും അതിൽ ഞാൻ വക്കുന്ന നിയോഗങ്ങളേയും തൊഴിലിന്റെ ഭാഗമാക്കാൻ ഞാൻ ഇന്ന് ശ്രമിക്കുന്നില്ല.

വി. കുർബാനസമയത്തും ദിവ്യകാരുണ്യ ആരാധനാ വേളയിലും സംഭവിച്ചിട്ടുള്ള അത്ഭുതങ്ങളും രോഗസൗഖ്യങ്ങളുമൊന്നും ഒരു ഹോസ്പിറ്റലുകളിലും നടക്കുന്നില്ല എന്നതാണു യാഥാർത്ഥ്യം. ഈ അത്ഭുതങ്ങളും സൗഖ്യങ്ങളുമെല്ലാം നിന്റെ ജീവിതത്തിലും കുടുംബങ്ങളിലും അനുഭവേദ്യമാകണമെങ്കിൽ ആദ്യം കുർബാനയെന്ന അത്ഭുതത്തെ നിഗൂഡരഹസ്യത്തെ നീയും അറിയണം. നിനക്ക്‌ പരിശുദ്ധാത്മാവ്‌ അത്‌ നൽകുന്നത്‌ മറ്റൊരു രീതിയിൽ ആയിരിക്കാം .

 ഞാൻ മനസ്സിലാക്കിയ വി കുർബാനയെന്ന അത്ഭുതം പുത്രനെ തന്നെ നൽകിയ പിതാവിന്റെ സ്നേഹത്തെയും ജീവനെ തന്നെ നൽകിയ പുത്രന്റെ സ്നേഹവും നിത്യസഹായകനായ പരിശുദ്ധാത്മാവിനെയും നമുക്ക്‌ വെളിപ്പെടുത്തിത്തരുന്നു. ഈ ത്രീത്വൈകദൈവത്തിന്റെ അനുഗ്രഹത്താൽ ഈ വലിയ നാളുകൾ നമ്മുടെ ജീവിതത്തിലും അത്ഭുതമാകട്ടേ,

ഏവർക്കും നന്മകളും ദൈവാനുഗ്രഹങ്ങളും നേർന്നുകൊണ്ട്‌ പ്രാർത്ഥനാപൂർവ്വം,

സിജിൻ ഒളശ്ശLatest

Copyrights@2016.